മക്കളെ എങ്ങനെ വളര്‍ത്തണം
നമ്മുടെ മക്കള്‍ നമ്മുടെ കരളിന്റെ കഷ്‌ണങ്ങളാണ്. നമ്മുടെ ജീവിതത്തിന്റെ അലങ്കാരവും നമ്മുടെ മതവും സം‌സ്‌കാരവും ആചാരങ്ങളും പാരമ്പര്യങ്ങളുമൊക്കെ നിലനിര്‍ത്തുന്നതിനുള്ള നമ്മുടെ പ്രതീക്ഷയും അവരിലാണ്. മക്കളിലുള്ള നമ്മുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രകടമാകുന്നതാണ് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച അവരെക്കുറിച്ചുള്ള പ്രാര്‍ത്ഥന. ഖുര്‍‌ആന്‍ പറയുന്നു. "ഞങ്ങളുടെ രക്ഷിതാവേ...ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും‌ ഞങ്ങള്‍ക്ക് നീ കണ്ണിന് കുളുര്‍മ നല്‍കുകയും ധര്‍മ്മനിഷ്‌ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ..."(ഫുര്‍ഖാന്‍ 74)
നമ്മുടെ സൗഭാഗ്യത്തിന്റെ കേന്ദ്രങ്ങളാക്കി മക്കളെ വളര്‍ത്തണമെങ്കില്‍ അവര്‍ക്ക് ശരിയായ ശിക്ഷണം നല്‍കാന്‍ നാം ശ്രമിക്കണം. ചെറുപ്പത്തില്‍ അവരില്‍ സ്വഭാവ സംസ്‌കരണം നടത്തുകയും നല്ല കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യണം. അവരുടെ ഹൃദയങ്ങളുടെ ശുദ്ധീകരണത്തിനും മനസ്സുകളുടെ സംസ്കരണത്തിനും വിചാരവികാരങ്ങളില്‍ ദിശാബോധമുണ്ടാക്കുന്നതിനും ചെറുപ്പത്തില്‍ നല്‍കുന്ന ശിക്ഷണം ഉപകരിക്കണം. ചെറുപ്പത്തില്‍ അവര്‍ക്ക് കിട്ടുന്ന ശിക്ഷണം കല്ലുകളില്‍ കൊത്തിയ പോലെ അവരുടെ മനസ്സുകളില്‍ പതിയുന്നതാണല്ലോ.
കുട്ടികള്‍ക്ക് നല്‍കേണ്ട ശിക്ഷണത്തെക്കുറിച്ച്‌ ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഖുര്‍‌ആന്‍ അത് വ്യക്തമാക്കുന്നു. വിശ്വാസ കാര്യങ്ങള്‍, അല്ലാഹുവിന്റെ ഏകത്വം, ആരാധനകളും ഇടപാടുകളും, സ്വഭാവ രൂപീകരണം...ഇങ്ങനെ ഭൗതിക, പാരത്രിക ജീവിതങ്ങള്‍ക്ക് ഉപകരിക്കുന്നവയെല്ലാം ഉള്‍ക്കൊള്ളുന്ന ശിക്ഷണമാണവര്‍ക്കാവശ്യം. അതില്‍ പ്രഥമസ്ഥാനം തൗഹീദ് പഠിപ്പിക്കുന്നതിന് തന്നെ നല്‍കണം. തൗഹീദ് പഠിക്കുന്നതിലൂടെ, അതനുസരിച്ചുള്ള വിശ്വാസം ഉള്‍കൊണ്ട് ജീവിക്കുന്നതിലൂടെ ഒരു ഉത്തമ സംസ്കാരത്തിലേക്ക് നമ്മുടെ മക്കള്‍ എത്തിച്ചേരുമെന്നതുകൊണ്ടാണിത്. ഒരു പിതാവ് തന്റെ മകന് നല്‍കുന്ന ഉപദേശത്തിലൂടെ ഖുര്‍‌ആന്‍ ഈ ശിക്ഷണ മുറ നമ്മെ പഠിപ്പിക്കുന്നു. ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാണ്. " എന്റെ കുഞ്ഞുമകനേ...നീ അല്ലാഹുവിനോട് പങ്ക് ചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു. " (ലുഖ്മാന്‍ 13)
അല്ലാഹു എല്ലാം അറിയുന്നവനാണെന്നും എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണെന്നും ആകാശ, ഭൂമികളില്‍ യാതൊരു കാര്യവും അവന് അപ്രാപ്യമല്ലെന്നും അവന്‍ സദാസമയവും തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണെന്നും മക്കളെ പഠിപ്പിച്ചാല്‍ അവര്‍ അല്ലാഹുവിനെ മനസ്സിലാക്കേണ്ട വിധം അറിയുകയും അവനെക്കുറിച്ചുള്ള ഭയത്താല്‍ ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യും. അവന്റെ മനസ്സില്‍ അല്ലാഹുവിന്റെ വിചാരണയെക്കുറിച്ച് ബോധമുണ്ടായാല്‍ അവന്‍ സ്വയം വിചാരണ ചെയ്യുകയും തന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്യും. ലുഖ്മാന്‍(അ) തന്റെ മകനോട് പറഞ്ഞു. "എന്റെ കുഞ്ഞുമകനേ തീര്‍ച്ചയായും അത്(കാര്യം) ഒരു കടുകുമണിയുടെ തൂക്കമുള്ളതായിരുന്നാലും ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെത്തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്." (ലുഖ്മാന്‍ 16)
വിശ്വാസകാര്യങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചും പഠിപ്പിക്കണം. അല്ലാഹുവിന് ശേഷം മാതാപിതാക്കളോളം കടപ്പാടുള്ള മറ്റാരുമില്ല. അവരാണ് നമ്മെ വളര്‍ത്തിയത്. നമ്മുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രയാസങ്ങളനുഭവിച്ചതും അവരുടെ ധനവും ഉറക്കവും വിശ്രമവുമെല്ലാം ചെലവഴിച്ചതും നമുക്കു വേണ്ടിയാണ്. ഖു‌ര്‍ആന്‍ ഇക്കാര്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. "മനുഷ്യന്‌ തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു. ക്ഷീണിതനു മേല്‍ ക്ഷീണവുമായാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടു വര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എന്റെ അടുത്തേക്കാണ് നിന്റെ മടക്കം. നിനക്ക് യാതൊരറിവുമില്ലാത്ത വല്ലതിനേയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെമേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഈ ലോകത്ത് അവരോട് നീ നല്ല നിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗ്ഗം നീ പിന്തുടരുകയും ചെയ്യുക." (ലുഖ്മാന്‍ 14-15)
അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. ഒരാള്‍ നബി(സ)യോട് ചോദിച്ചു. "അല്ലാഹുവിന്റെ റസൂലേ...ഞാന്‍ ആരോടാണ് ഏറ്റവും നന്നായി സഹവസിക്കേണ്ടത്?" അദ്ദേഹം പറഞ്ഞു. "നിന്റെ മാതാവ്." മൂന്നു തവണ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോഴും ഇതേ മറുപടി നല്‍കി. നാലാമത്തെ തവണ ചോദിച്ചപ്പോള്‍ നിന്റെ പിതാവ് എന്നും മറുപടി നല്‍കി. മാതാപിതാക്കളോടുള്ള കടപ്പാടുകളെക്കുറിച്ച് മക്കളെ പഠിപ്പിക്കുന്നതോടൊപ്പം മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകാജീവിതം നയിച്ചു കാണിച്ചു കൊടുക്കുകയും വേണം.
ആരാധനാ കര്‍മ്മങ്ങളെക്കുറിച്ചാണ് മക്കള്‍ക്ക് നല്‍കേണ്ട ശിക്ഷണത്തി‍ലെ മറ്റൊരു പ്രധാന കാര്യം. ആരാധനകളെക്കുറിച്ച് പൊതുവായും ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നമസ്കാരത്തെക്കുറിച്ച് പ്രത്യേകമായും പഠിപ്പിക്കണം. നമസ്കാരം അടിമയെ തന്റെ രക്ഷിതാക്കളുമായി ബന്ധിപ്പിക്കുന്നതാണ്. സുജൂദ് ചെയ്തിരിക്കുമ്പോഴാണ് അടിമ അല്ലാഹുവിനോട് ഏറ്റവും കൂടുതല്‍ അടുക്കുന്നത്. നബി(സ) പറഞ്ഞു. "നിങ്ങളുടെ കുട്ടികള്‍ക്ക് ഏഴു വയസ്സായാല്‍ അവരോട് നമസ്കരിക്കാന്‍ കല്‍‌പിക്കുക. പത്തു വയസ്സായാല്‍ നിസ്കാരം ഉപേക്ഷിക്കുന്നതിന്റെ പേരില്‍ അവരെ അടിക്കുക." ലുഖ്മാന്‍(അ) തന്റെ മകന് നല്‍കിയ ഉപദേശത്തിലും നമസ്കാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതായി ഖുര്‍‌ആന്‍ പറയുന്നു. നമസ്കാരം മനുഷ്യനെ ചീത്ത കാര്യങ്ങളില്‍ നിന്ന് തടയുകയും അവനില്‍ കൃത്യനിഷ്‌ഠ വളര്‍ത്തുകയും ചെയ്യുന്നു. "നബിയേ.. വേദഗ്രന്ഥത്തില്‍ നിന്ന് നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പ്പിക്കുകയും നമസ്കാരം മുറ പോലെ നിര്‍വ്വഹിക്കുകയും ചെയ്യുക. തീ‌ര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മ്മത്തില്‍ നിന്നും തടയുന്നു." (അന്‍‌കബൂത്ത് 45)
കുട്ടികളില്‍ വ്യക്തിത്വ വള‌ര്‍ച്ചയുണ്ടാക്കുകയെന്നതാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മറ്റൊന്ന്. നന്മയുടെ പാതയിലുള്ള വളര്‍ച്ചയാണ് ഉദ്ദേശ്യം. അതിനാല്‍ സമൂഹത്തില്‍ നന്മ കല്‍‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന, പ്രയാസങ്ങള്‍ നേരിടാന്‍ തയ്യാറുള്ള, ക്ഷമാശീലരായി പരീക്ഷണങ്ങളെ തരണം ചെയ്യുന്ന സ്വഭാവമുള്ളവരാക്കി മക്കളെ വളര്‍ത്തണം. ലുഖ്മാന്‍(അ) തന്റെ മകനെ ഉപദേശിക്കുന്നു. "നീ സദാചാരം കല്‍‌പ്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക." (ലുഖ്മാന്‍ 17)
സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കാണിക്കേണ്ട സാമൂഹ്യ മര്യാദകളെക്കുറിച്ച് കുട്ടികളെ പരിശീലിപ്പിക്കണം. അവര്‍ ജനങ്ങളോട് നല്ല സ്വഭാവത്തില്‍ പെരുമാറുന്നവരായിരിക്കണം. വിനയാന്വതനായി നടക്കുന്ന, ശാന്തസ്വഭാവത്തോടെ ജനങ്ങളോട് ഇടപഴകുന്ന, പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്ന മാന്യരായിത്തീരണം. ഖു‌ര്‍‌ആന്‍ നമ്മെ ഉണര്‍ത്തുന്നതിങ്ങനെയാണ്. "നീ അഹങ്കാരത്തോടെ മനുഷ്യരുടെ നേര്‍ക്ക് നിന്റെ മുഖം തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയുമരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ ഒരാളെയും അല്ലാഹു ഇഷ്‌ടപ്പെടുകയില്ല. നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദം മാത്രമാണ്." (ലുഖ്മാന്‍ 18-19)
നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടി ഉണര്‍ത്തുകയാണ്. അല്ലാഹു നമുക്കാവശ്യമായ ജീവിതസാഹചര്യങ്ങ‌ളെല്ലാം ഒരുക്കിത്തരികയും അവ ഉപയോഗപ്പെടുത്താനുള്ള അനുമതി നല്‍കുകയും ചെയ്തു. പക്ഷേ, ധൂര്‍ത്തും അമിതവ്യയവും പാടില്ലെന്ന് ഖുര്‍‌ആനിലൂടെ അവന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. "നീ ധനം ദു‌ര്‍‌വ്യയം ചെയ്തു കളയരുത്. തീര്‍ച്ചയായും ദു‌ര്‍‌വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു." (ഇസ്റാഅ്‌ 26). "നിന്റെ കൈ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായി നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെടുന്നവനുമായിത്തീരും." (ഇസ്റാഅ്‌ 29) അല്ലാഹുവിന്റെ ഇഷ്ടപ്പെട്ട ദാസന്മാരെപ്പറ്റി ഖുര്‍‌ആന്‍ പറയുന്നു. "ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗ്ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍." (ഫുര്‍ഖാന്‍ 67)
ജീവിതത്തില്‍ തികഞ്ഞ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുകയാണ് നമ്മുടെ മതം. ചെലവഴിക്കണം, പിശുക്ക്‌ കാണിക്കരുത്. പക്ഷേ, ധൂര്‍ത്തും അമിതവ്യയവും ദുരുപയോഗവും പാടില്ല. എന്നാല്‍ നമ്മുടെ സമൂഹം ഇന്ന് ഇക്കാര്യങ്ങ‌ള്‍ വിസ്മരിക്കുകയാണ്. "നിങ്ങള്‍ ഭക്ഷിക്കുക, കുടിക്കുക, ധരിക്കുക, ദാനം ചെയ്യുക...അമിതവ്യയം കാണിക്കാതെ." എന്ന നബിവചനം നാം മറന്ന് പോകുന്നു. വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നതിലാണ് ഏറ്റവും കൂടുതല്‍ അമിതവ്യയം കാണിക്കുന്നത്. ജനജീവിതത്തിന് ഏറ്റവും അത്യാവശ്യമായ ഈ രണ്ട്‌ കാര്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിലൂടെ നമുക്ക് ഏറ്റവും അമൂല്യമായ ഇവ രണ്ടും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരാധനാ കാര്യങ്ങള്‍ക്ക് പോലും ജലം ദുരുപയോഗം ചെയ്യരുതെന്ന് നബി(സ) വിലക്കിയിരിക്കുന്നു. വുളു എടുക്കുമ്പോള്‍ അമിതമായി വെള്ളം ഉപയോഗിച്ച സ്വഹാബിയോട് നബി(സ) അതിനെ വിലക്കിക്കൊണ്ട് പറഞ്ഞു. "നീ ഒഴുകുന്ന നദിയില്‍ നിന്നാണ് വുളു എടുക്കുന്നതെങ്കില്‍ പോലും അമിതവ്യയം പാടില്ല."
ധൂര്‍ത്തില്‍ നിന്നും അമിതവ്യയത്തില്‍ നിന്നും വിട്ടു നില്‍ക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

Copyright ariyuka.com